ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു; വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; യോഗി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

കൊലപാതക  കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ മീററ്റിലുണ്ടായ ഏറ്റുമുട്ടലിലാണ് യുപി പൊലീസിനെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കൊലപ്പെടുത്തിയത്.

കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ എസ്.ടി.എഫ് തീരുമാനിക്കുകയായിരുന്നു.. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായുണ്ടായ ഏറ്റവുമുട്ടലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് ദുജാന കൊല്ലപ്പെട്ടത്.

മീററ്റിലെ ഉള്‍ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഒളിച്ചിരുന്ന ദുജാനയും സംഘവും പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസും ഉടന്‍ തിരിച്ചു വെടി വെക്കുകയായിരുന്നു. ഇതിനിടെയാണ് അനില്‍ ദുജാന കൊല്ലപ്പെടുന്നത്.

നേരത്തെ, ഉത്തര്‍പ്രദേശ് ജയിലില്‍ കഴിഞ്ഞിരുന്ന ഗുണ്ടയും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിനിടെയാണ് അടുത്ത ഏറ്റുമുട്ടല്‍ കൊലപാതകം ഉണ്ടായിരിക്കുന്നത്.