ബുള്‍ഡോസര്‍ പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണം; ന്യായീകരണവുമായി യോഗി ആദിത്യനാഥ്

യുപിയിലെ ബുൾഡോസർ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയിലാണ് യോഗി വിശദീകരണം നൽകിയത്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്നാണ് എഎന്‍ഐക്ക് നൽകിയ അഭിമുഖത്തില്‍ യോഗി അദിത്യനാഥ് പറഞ്ഞത്.

വികസനത്തിന് വെല്ലുവിളിയായ നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും യോഗിയുടെ മറുപടിയിൽ ഉണ്ട്. യുപി പോലുള്ള വലിയ സംസ്ഥാനങ്ങളിൽ വികസന പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ കാലത്തിന് അനുയോജ്യമായ ഉപകരണങ്ങള്‍ ആവശ്യമല്ലേയെന്നായിരുന്നു യോഗിയുടെ ചോദ്യം.

എന്തെങ്കിലും പ്രവര്‍ത്തിക്ക് അനുമതി ലഭിച്ചാല്‍ മാഫിയ അനധികൃതമായി ആ വസ്തു കൈക്കലാക്കുന്ന സ്ഥിതിയായിരുന്നു ആദ്യം. മാഫിയകള്‍ക്കെതിരെ മുൻ സർക്കാരുകൾ ശക്തമായ നിലപാടെടുത്തില്ല.സര്‍ക്കാരിന്‍റെ സ്വത്ത് അധികൃതമായി കയ്യേറുന്നവരെ ആരാധിക്കുകയാണോ ചെയ്യേണ്ടതെന്ന് ചോദിച്ച യോഗി അതിനാലാണ് ബുള്‍ഡോസര്‍ നടപടി സ്വീകരിച്ചതെന്നും പറയുന്നു.

ഉത്തര്‍ പ്രദേശിലെ ജനങ്ങളും ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരെ ഇത്തരം നടപടികളാണ് പ്രതീക്ഷിക്കുന്നത്. ന്യൂന പക്ഷ വിഭാഗങ്ങളെ ക്രിമിനലുകളെന്ന നിലയില്‍ കണ്ട് നടപടി സ്വീകരിക്കുന്നുവെന്ന ആരോപണം യോഗി ആദിത്യനാഥ് തള്ളി. അനീതി നേരിടുന്നതായി ആർക്കു വേണമെങ്കിലും തന്റെ അടുത്ത് പരാതി പറയാം . എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് കോടതിയുടെ സഹായം തേടുന്നതില്‍ തടസമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.