തിരുത്തൽ നടപടികൾ വേണം എന്ന് ആർഎസ്എസ് : കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണിയെന്ന് സൂചന

ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിമാരുടെ രണ്ടുദിവസത്തെ യോഗം ശനിയാഴ്ച ഡൽഹിയിൽ തുടങ്ങി. ഉത്തർപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങളാണ് അജൻഡ.

യോഗത്തിനുശേഷം ശനിയാഴ്ച വൈകീട്ട് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നല്കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

ബിജെപി നേതൃയോഗം തുടരുമ്പോൾ പാർട്ടിക്കു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. കൊവിഡ് രണ്ടാം തരംഗം കുറയുന്നെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും ചേർന്നുള്ള നേതൃത്വത്തിന്‍റെ വിശ്വാസ്യതയ്ക്ക് രാജ്യ തലസ്ഥാനത്തെയടക്കമുള്ള കൊവിഡ് കാഴ്ചകൾ ക്ഷതം ഏല്പിച്ചു. ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികൾ തീരുമാനിക്കും.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയെ സജ്ജീകരിക്കാനുള്ള നിർദേശങ്ങളായിരുന്നു ശനിയാഴ്ച യോഗം ചർച്ച ചെയ്തത്. ഉത്തർപ്രദേശിലെ ഭരണത്തുടർച്ച പാർട്ടിക്ക് നിർണായകമാണെന്നും കോവിഡ് പ്രതിരോധമുൾപ്പെടെയുള്ള രംഗങ്ങളിൽ ചിട്ടയായ പ്രവർത്തനം വേണമെന്നും കേന്ദ്രനേതൃത്വം യോഗത്തിൽ നിർദേശം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിലനിർത്തിക്കൊണ്ട് ഉത്തർപ്രദേശ് മന്ത്രിസഭ അഴിച്ചു പണിഞ്ഞേക്കും.

രണ്ടാം കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നത്. ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബി.എൽ. സന്തോഷ്, ജോയന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർക്ക് പുറമെ, ദേശീയ ജനറൽ സെക്രട്ടറിമാരായ സി.ടി. രവി, ദുഷ്യന്ത് ഗൗതം, ഡി. പുരന്ദേശ്വരി, അരുൺസിങ്, ദിലീപ് സാകിയ, കൈലാഷ് വിജയ് വാർഗിയ, തരുൺ ചുഗ് എന്നിവരും പങ്കെടുത്തു.