പോളണ്ട് അതിര്‍ത്തിയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഉക്രൈന്‍ സൈന്യത്തിന്റെ മര്‍ദ്ദനം

റഷ്യയുടെ അധിനിവേശം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് നേരെ ഉക്രൈന്‍ സൈന്യത്തിന്റെ മര്‍ദ്ദനം. ഉക്രൈനിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയും മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ ഷോണ്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അതിര്‍ത്തിയിലെത്തിയ ഇന്ത്യക്കാരെ തടഞ്ഞു നിര്‍ത്തി തിരികെ പോകാന്‍ പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.60 മലയാളികളടക്കം നൂറ് ഇന്ത്യക്കാര്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പോളണ്ടില്‍ എത്തിയിട്ടുണ്ട്.

ഇവരില്‍ സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. പുരുഷന്‍മാരെ കടത്തി വിടുന്നില്ല. സൈന്യവും പൊലീസും ഇന്ത്യക്കാരെ തള്ളിമാറ്റുകയും അടിക്കുകയുമാണ് എന്നും വിദ്യാര്‍ത്ഥി പറയുന്നു. മര്‍ദ്ദനത്തില്‍ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞെന്നും ഷോണ്‍ പറഞ്ഞു.

പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസും സൈന്യവും ലാത്തി ചാര്‍ജ് പ്രയോഗിക്കുന്നു, ഭീഷണിപ്പെടുത്തി അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു എന്ന് മലയാളി വിദ്യാര്‍ത്ഥിനിയായ ഏഞ്ചല്‍ അതിര്‍ത്തിയില്‍ നിന്നെടുത്ത വീഡിയോയില്‍ പറയുന്നു. ചോദിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥികളെ അടിക്കുകയും കാറില്‍ കയറ്റി ഗോ ബാക്ക് ഗോ ബാക്ക് എന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥിനി പറഞ്ഞു. സൈന്യം ആകാശത്തേക്ക് വെടിവെയ്പ് നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഉക്രൈന്‍ സൈന്യം ആക്രമിക്കുകയാണ് വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇന്ത്യ ഇടപെടണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.