ആധാർ കോപ്പി വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരം; കർശന നിർദ്ദേശങ്ങളുമായി യു.ഐ.ഡി.എ.ഐ

ആധാർ ദുരുപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി യുഐഡിഎഐ അധികൃതർ. ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദുരുപയോ​ഗത്തിന് കാരണമാകുന്നതിനെ തുടർന്നാണ് തീരുമാനം. ആധാറിന്റെ ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകുക. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം കാർഡ് മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ കാർഡ് നൽകാൻ പാടൂള്ളൂ.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിൻറെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും കൃത്യമായ നിർദ്ദേശമുണ്ട്.

തിരിച്ചറിയലിനായി ആധാർ കാർഡുകളുടെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവാദമില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ആധാർ ഉപയോഗിക്കാനാകൂവെന്നും സർക്കാർ അറിയിച്ചു.

തങ്ങളുടെ ആധാർ കാർഡുകൾ നൽകുന്നതിനു മുൻപ് സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്ന് സാധുവായ യൂസർ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സർക്കാർ അറിയിപ്പിൽ പറയുന്നു.