റായ്പൂരില്‍ രക്ഷാബന്ധന്‍ ആഘോഷിച്ച് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം കൂട്ടബലാത്സംഗത്തിനിരയാക്കി; ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഢിലെ റായ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്പൂരിലെ മന്ദിര്‍ ഹസൗദില്‍ വ്യാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാള്‍ ബിജെപി നേതാവിന്റെ മകനായ പൂനം ഠാക്കൂറാണ്. 19 ഉം 16 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിനിരയായത്.

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികള്‍ ഇരുചക്ര വാഹനത്തില്‍ ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലെത്തിയ അക്രമികള്‍ ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന്  ശേഷം പെണ്‍കുട്ടികളെ വഴിയരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. അക്രമികള്‍ ഇവരുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

പ്രതികളിലൊരാളായ പൂനം ഠാക്കൂര്‍ ബിജെപി പ്രാദേശിക നേതാവ് ലക്ഷ്മി നാരായണ്‍ സിംഗ് ഠാക്കൂറിന്റെ മകനാണ്. ലക്ഷ്മി നാരായണ്‍ സിംഗ് ഠാക്കൂര്‍ ബിജെപി മന്ദിര്‍ ഹസൗദ് വൈസ് പ്രസിഡന്റാണ്. പൂനം ഠാക്കൂറിനെതിരെ അരാംഗ് സ്റ്റേഷനില്‍ അഞ്ച് കേസുകള്‍ നിലവിലുണ്ട്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളാണ് പൂനം ഠാക്കൂറിന്റെ പേരിലുള്ളത്.