'സാമൂഹിക സൗഹാര്‍ദ്ദം തകരും'; ടി. എം കൃഷ്ണയുടെ പുസ്തകപ്രകാശനത്തിന് വേദി നിഷേധിച്ച് കലാക്ഷേത്ര ഫൗണ്ടേഷന്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയുടെ പുസ്തക പ്രകാശനത്തിന് വേദി അനുവദിച്ചത് റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. ടിഎം കൃഷ്ണയുടെ “സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ്” എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്താനുള്ള അനുമതിയാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍ റദ്ദാക്കിയത്. പശുവിന്‍ തോലില്‍ നിന്നും നിര്‍മ്മിക്കുന്ന മൃദംഗത്തിന്റെ നിര്‍മ്മാണത്തിന്റെ ചരിത്രത്തെയും ഇത് നിര്‍മ്മിച്ച പൂര്‍വ്വികരെയും പറ്റി പരാമര്‍ശിക്കുന്ന പുസ്തകമാണിത്.

‘കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കലാക്ഷേത്ര. ഒരു സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ രാഷ്ട്രീയമായോ, സാമൂഹികമായോ സാംസ്‌കാരികമായോ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്ന പരിപാടികള്‍ അനുവദിക്കാന്‍ പറ്റില്ല,’- കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍ പുസ്തകത്തിന്റെ പ്രസാധകരായ ആമസോണ്‍ ഇന്ത്യയുടെ സഹസ്ഥാപനമായ വെസ്റ്റ്ലാന്‍ഡിന് എഴുതിയ കത്തില്‍ പറയുന്നു.

പുസ്തകത്തില്‍ വിവാദങ്ങളിലേക്ക് നയിക്കാന്‍ പര്യാപ്തമായ ചില കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുസ്തക പ്രകാശനത്തിന് വേദി അനുവദിച്ച് അനുമതി നല്‍കിയ സമയത്ത് ഇക്കാര്യങ്ങളെ കുറിച്ച് ഫൗണ്ടേഷന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ വേദി നിഷേധിക്കുന്നതില്‍ ഖേദമുണ്ടെന്നും കത്തില്‍ പറയുന്നു. എന്നാല്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന വാദങ്ങള്‍ ഫൗണ്ടേഷന്‍ നിഷേധിച്ചു.

രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായി സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാദ്ധ്യതയുള്ള പരിപാടികള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കലാക്ഷേത്രയുടെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. സംഘപരിവാര്‍ വിമര്‍ശകനായ ടി എം കൃഷ്ണ പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

അതേസമയം ഫൗണ്ടേഷന്റെ തീരുമാനത്തില്‍ സങ്കടവും അമ്പരപ്പുമുണ്ടെന്ന് ടിഎം കൃഷ്ണ പ്രതികരിച്ചു. മൃദംഗത്തിന്റെ സൃഷ്ടാക്കളുടെ തലമുറയെ കുറിച്ചുള്ളതാണ് പുസ്തകം. എങ്ങനെയാണ് അത് വിവാദമാകുന്നതെന്നും ടി എം കൃഷ്ണ ചോദിച്ചു. അതേസമയം, കലാക്ഷേത്ര തീരുമാനത്തെ കുറിച്ച് രൂക്ഷമായ വിമര്‍ശനമായിരുന്നു പ്രസാധകരായ വെസ്റ്റ്ലാന്‍ഡിന്റെ നേതൃത്വം പ്രതികരിച്ചത്. “ഡല്‍ഹി, ചെന്നൈ, കാവി അന്ധത ബാധിച്ചിരിക്കുന്നു എന്നായിരുന്നു പ്രസാധകയുടെ ട്വീറ്റ്.