മംഗളുരു വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തൃണമൂല്‍ നേതാക്കള്‍; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുല്‍ഹഖ് എംപി എന്നിവരുള്‍പ്പടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടന്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമത ഇക്കാര്യം വിശദീകരിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അവരുടെ പ്രഖ്യാപനം. സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ രാജബസാറില്‍ നിന്ന് കൊല്‍ക്കത്തയിലെ മുള്ളിക് ബസാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ മമത വിദ്യാര്‍ഥികളോട് ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ പണം കൈമാറിയിരുന്നു.

നേരത്തെ, സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ധനസഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. കൊല്ലപ്പെട്ട രണ്ടു പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നാണ് അദ്ദേഹം പിന്നാക്കം പോയത്.

കഴിഞ്ഞ ദിവസം ബി.ജെ.പി എംഎല്‍എ ബസവനഗൗഡ പാട്ടീല്‍ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം പിന്‍വലിച്ച് ആ പണം പശു സംരക്ഷകര്‍ക്ക് നല്‍കണമെന്നും പാട്ടീല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യെദ്യൂരപ്പ വാക്ക് മാറ്റിയത്.