"എന്റെ മുമ്പിൽ വച്ചാണ് അവർ എന്റെ പിതാവിനെ കൊന്നത്": മംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ജലീലിന്റെ മകൾ

മംഗളൂരു നിവാസിയായ ജലീൽ തന്റെ വീടിന് പുറത്തുനിൽക്കുമ്പോൾ ആണ് ഇടത് കണ്ണ് തുളച്ചുകയറിയ വെടിയുണ്ട അദ്ദേഹത്തിന്റെ ജീവൻ എടുത്തത്. മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ രൂക്ഷമായ പ്രതിഷേധം നടക്കുന്നതിനിടെ തന്റെ മക്കളെ സ്‌കൂൾ വാനിൽ നിന്നും കൂട്ടി കൊണ്ടുവന്ന് വീട്ടിലേക്ക് മടങ്ങവേ ആണ് ജലീലിന് വെടിയേറ്റത്.

ദിവസ വേതന തൊഴിലാളിയായിരുന്ന ജലീൽ (42) കർണാടകയിലെ മംഗളൂരുവിലെ ബുന്ദർ പ്രദേശത്താണ് ഭാര്യയും രണ്ട് മക്കൾക്കും – ഷിഫാനി (14), സബിൽ (10) ഒപ്പം താമസിച്ചിരുന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ജലീലിന്റെ കുട്ടികൾ യാത്ര ചെയ്തിരുന്ന വാൻ അവരെ പാതിവഴിയിൽ ഉപേക്ഷിച്ചു. അപ്പോഴാണ് ജലീൽ അവരെ കൂട്ടി കൊണ്ടുവരാൻ പോയത്. വീട്ടിലെത്തിയ അദ്ദേഹത്തിന്റെ ഇടതുകണ്ണിന് നേരെ പൊലീസ് വെടിയുതിർത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ജലീലിന്റെ മകൾ പിതാവിനെ കൊന്നതിന് പൊലീസിനെ കുറ്റപ്പെടുത്തി, “അവർ എന്റെ പിതാവിനെ എന്റെ മുന്നിൽ വച്ച് കൊന്നു”, മകൾ ഇന്ത്യാ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദുഃഖിതയായ ആ കൗമാരക്കാരിക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 19 ന് മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല ജലീലെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

പൊലീസ് അവകാശപ്പെടുന്നത് പോലെ പ്രതിഷേധത്തിൽ 7,000 മുതൽ 9,000 വരെ ആളുകളിലായിരുന്നു എന്നും, വെറും 50 മുതൽ 100 വരെ ആളുകൾ മാത്രമാണുണ്ടായിരുന്നതെന്നും ജലീലിന്റെ ഒരു കുടുംബാംഗം പറഞ്ഞു. ഇത്ര ചെറിയ ആൾക്കൂട്ടത്തെ പോലും നിയന്ത്രിക്കാൻ കഴിയാത്തതിന് പൊലീസിനെ അദ്ദേഹം കുറ്റപ്പെടുത്തി.