റെയില്‍വേ കെട്ടിടത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ; നാല് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 30 വയസ്സുകാരിയെ റയില്‍വേ ജീവനക്കാര്‍ കൂട്ടബലാത്‌സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. റയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരായ നാലുപേര്‍ ഇതോടെ അറസ്റ്റിലായി.

സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നീ നാല് പ്രതികളേയും അറസ്റ്റ് ചെയ്തു. റെയില്‍വേയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ യുവതിയെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.27-ഓടെയാണ് യുവതി ഫോണില്‍വിളിച്ച് പോലീസിനെ പരാതി അറിയിച്ചത്.

തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.