ദ്രൗപദി മര്‍മുവിനെതിരായ ട്വീറ്റ്, രാംഗോപാല്‍ വര്‍മക്കെതിരെ കേസെടുത്തു.

 

ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മര്‍മുവിനെതിരായ വിവാദ ട്വീറ്റില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പൊലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ രാം ഗോപാല്‍ വര്‍മ വിശദീകരണവുമായി രംഗത്തെത്തി.

തെലങ്കാന ബിജെപി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് രാം ഗോപാല്‍ വര്‍മക്കെതിരെ പരാതി നല്‍കിയത്. ട്വീറ്റിലൂടെ രാം ഗോപാല്‍ വര്‍മ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയില്‍ സൂചിപ്പിച്ചു. പരാതിക്ക് പിന്നാലെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രാം ഗോപാല്‍ വര്‍മ വിശദീകരണം നല്‍കി.

‘മഹാഭാരതത്തിലെ എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപതി. ഈ പേര് വളരെ അപൂര്‍വമായതിനാലാണ് പെട്ടെന്ന് ഞാന്‍ അത് ഓര്‍ത്തത്. ആ ഓര്‍മയില്‍ ട്വീറ്റ് ചെയ്തതാണ്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.’- രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.