ഗോഗോയ്-യുടെ രാജ്യസഭാ നാമനിർ‌ദ്ദേശത്തിൽ 'കോവിന്ദ് - കോവിഡ്' പരാമർശം; ടെലിഗ്രാഫ് പത്രത്തിന് പ്രസ് കൗൺസിലിന്റെ നോട്ടീസ്

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന്റെ മുൻ‌പേജ് തലക്കെട്ടുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചൊവ്വാഴ്ച ദി ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്ററിന് കാരണംകാണിക്കൽ നോട്ടീസ് നൽകി.

തലക്കെട്ട് പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി കൗൺസിൽ അറിയിച്ചു. “രാജ്യത്തെ പ്രഥമ പൗരനെ പരിഹസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ ആക്ഷേപഹാസ്യപരമായ പരാമർശങ്ങൾ ന്യായമായ പത്രപ്രവർത്തനത്തിന് വിരുദ്ധമാണ്” എന്നാണ് കൗൺസിലിന്റെ നിലപാട്.

പ്രസിഡന്റ് രാം നാഥ് കോവിന്ദ് തിങ്കളാഴ്ച ഗോഗോയിയെ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. ചൊവ്വാഴ്ച അതിന്റെ മുൻ‌പേജിലെ തലക്കെട്ടിൽ, ടെലിഗ്രാഫ് അച്ചടിച്ചത്, “കോവിഡ് അല്ല, കോവിന്ദ് ആണ് അത് ചെയ്തത്” – എന്നാണ്. രഞ്ജൻ ഗോഗോയ്-യെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള രാം നാഥ് കോവിന്ദിന്റെ നടപടിയെ ആക്ഷേപഹാസ്യ രൂപത്തിൽ കോവിഡ്-19 പകർച്ചവ്യാധിയുമായി ബന്ധിപ്പിക്കുകയായിരുന്നു ദി ടെലിഗ്രാഫ്.