പേരിന് പിന്നിലെ 'ഖാനാ'ണ് പ്രശ്‌നം; ആര്യന്റെ അറസ്റ്റില്‍ കേന്ദ്രത്തിന് എതിരെ വിമര്‍ശനവുമായി മെഹ്ബൂബ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ്ഖാന്റെ മകന്റെ അറസ്റ്റില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്ത്.

ആര്യന്റെ അറസ്റ്റിന് കാരണം പേരിന് പിന്നിലെ ഖാനാണെന്നായിരുന്നു മുഫ്തിയുടെ ട്വീറ്റ്. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണ് അറസ്റ്റെന്നും മെഹ്ബൂബ കുറിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ നാല് കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവുമായി താരതമ്യം ചെയ്താണ് മുഫ്തിയുടെ ട്വീറ്റ്.

Read more

‘നാലു കര്‍ഷകരെ കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റു ചെയ്ത് മാതൃക കാണിക്കുന്നതിനു പകരം കേന്ദ്ര ഏജന്‍സികളെല്ലാം 23കാരനു പിന്നാലെയാണ്, കാരണം അവന്റെ പേരില്‍ ഖാന്‍ ഉണ്ട്. ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണ്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ബിജെപി വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി മുസ്ലിങ്ങളെ ലക്ഷ്യംവെയ്ക്കുന്നു’ മെഹ്ബൂബ ട്വീറ്റ് ചെയ്തു.