ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ആഘാതം, അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവ മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടയേറ്റ പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്.

ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് കർഷകർ കൊല്ലപ്പെട്ടത് എന്നാണ് ആരോപണം. നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നീ നാല് കർഷകരാണ് കൊല്ലപ്പെട്ടത്.

18-വയസുള്ള കർഷകനായ ലവ്പ്രീത് സിംഗ് വലിച്ചിഴക്കപ്പെട്ടു എന്നും ആഘാതവും രക്തസ്രാവവും ഉണ്ടായാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ഗുർവീന്ദർ സിംഗിന്റെ ശരീരത്തിൽ മൂർച്ചയുള്ള വസ്തുക്കളിൽ നിന്ന് മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണവും ആഘാതവും രക്തസ്രാവവും മൂലമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ദൽജീത് സിംഗിനെ വലിച്ചിഴച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റ് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട മറ്റ് നാല് പേരും ബിജെപി പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പ്രതിഷേധക്കാർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.

ബിജെപി പ്രവർത്തകനായ ശുഭം മിശ്ര ആക്രമണത്തിൽ മരിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. വടി കൊണ്ട് അടിച്ചതാണ് ഹരിയോം മിശ്രയുടെ മരണത്തിന് കാരണം, ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ആഘാതവും രക്തസ്രാവവുമാണ് ഇയാൾ മരിച്ചത്. വലിച്ചിഴക്കപ്പെട്ടതും വടി കൊണ്ടുള്ള മർദ്ദനവുമാണ് ശ്യാംസുന്ദർ നിഷാദിന്റെ മരണത്തിന് കാരണം.