ഡൽഹി നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ദുരൂഹമായ തുരങ്കം കണ്ടെത്തി

ഡൽഹി നിയമസഭാ കെട്ടിടത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ദുരൂഹമായ തുരങ്കം കണ്ടെത്തി. ഡൽഹി നിയമസഭയും ചെങ്കോട്ടയും തമ്മിലുള്ള ദൂരം ഏകദേശം 5 കിലോമീറ്ററാണ്. 1912 -ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഡൽഹി നിയമസഭാ മന്ദിരം നിർമ്മിക്കപ്പെട്ടത്, ഇ.മോണ്ടെഗ് തോമസാണ് ഇത് രൂപകൽപ്പന ചെയ്തത്. ‘ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലും പിന്നീട് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതുവരെ കേന്ദ്ര നിയമസഭ നടത്താനുമാണ് ഈ കെട്ടിടം നിർമ്മിച്ചത്.

മുഗൾ ഭരണകാലത്ത് നിർമ്മിച്ച ചെങ്കോട്ട 1638 ൽ അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ആണ് നിർമ്മിച്ചത്. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ പറയുന്നതനുസരിച്ച്, തുരങ്കത്തിന്റെ പ്രവേശനമാർഗ്ഗം തിരിച്ചറിയാൻ അധികാരികൾക്ക് കഴിഞ്ഞു, പക്ഷേ കൂടുതൽ മുന്നോട്ട് കുഴിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പുതുക്കിപ്പണിയാനും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. “സ്വാതന്ത്ര്യസമര സേനാനികളെ നീക്കുമ്പോൾ പ്രതികാരനടപടി ഒഴിവാക്കാൻ” ഒരുപക്ഷെ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നതാവാം തുരങ്കം എന്ന് രാം നിവാസ് ഗോയൽ പറഞ്ഞു.

Read more

2016ലാണ് ഇത്തരമൊരു തുരങ്കത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത്. ഡൽഹി നിയമസഭയ്ക്ക് താഴെയുള്ള തുരങ്കത്തിന്റെ അസ്തിത്വം ആദ്യമായി കണ്ടെത്തിയത് സ്പീക്കർ രാം നിവാസ് ഗോയൽ ആണ്. നിയമസഭയ്ക്ക് താഴെ അത്തരമൊരു തുരങ്കത്തെ കുറിച്ച് എപ്പോഴും കിംവദന്തികൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞിരുന്നു. ചെങ്കോട്ട വരെ തുരങ്കം നീളുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.