ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നത് കൊല്ലം നഗരത്തില്‍, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

2021ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലെന്ന് പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലക്ഷത്തില്‍ 12 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. എന്നാല്‍ കൊല്ലം നഗരത്തില്‍ 43 പേരാണ് ആത്മഹത്യ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്യുന്നു എന്ന കണക്കാണ് ആത്മഹത്യാ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗരത്തിലെ ജനസംഖ്യാനിരക്ക്. 2021ല്‍ 487 ആത്മഹത്യകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43.9 കൊല്ലം നഗരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യാ നിരക്ക്.

38.5 ആത്മഹത്യാ നിരക്കുമായി പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ് രണ്ടാമത്.1,64,033 പേരാണ് 2021ല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്തത്. 2020ല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തവര്‍ 1,53,052 ആയിരുന്നു. 9549 പേരാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാനങ്ങളുടെ കണക്കില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. 22,207 പേര്‍ ഇവിടെ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു.

Read more

കുടുംബപരമായ വിഷയങ്ങളാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ കൂട്ടആത്മഹത്യകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 കൂട്ട ആത്മഹത്യകളാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചത്. 26 പേര്‍ മരണപ്പെട്ടു. കൂട്ടആത്മഹത്യകളുടെ കാര്യത്തില്‍ നാലാമതാണ് കേരളം. തമിഴ്നാടാണ് ഒന്നാമത്.