വനിതാഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടി പകര്‍ത്തിയത് അറുപതോളം പേരുടെ കുളിമുറി ദൃശ്യങ്ങള്‍, അറസ്റ്റ്

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മറ്റുവിദ്യാര്‍ഥിനികള്‍ ആരോപിച്ച പെണ്‍കുട്ടിയെയാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ചോദ്യംചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ആരോപിച്ച് ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ആണ്‍സുഹൃത്തിന് അയച്ചുനല്‍കി. ഇയാള്‍ ഇത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം.

Read more

തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥിനികള്‍ സംഭവമറിയുന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യംചെയ്യുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്.