കശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം; ബാങ്ക് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലാണ് പ്രദേശവാസികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ബാങ്ക് ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി വെടിയേറ്റ് മരിച്ചു. വിജയ കുമാറാണ് മരിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസത്തിനിടെ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനങ്ങള്‍ ഭീകരരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുമ്പോള്‍ അവരെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമങ്ങള്‍ നടത്തുന്നത്. ആക്രമങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ കശ്മീരി പണ്ഡിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്‌കൂള്‍ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റായ സര്‍ക്കാര്‍ ജീവനക്കാരന് നേരെയും മുമ്പ് ആക്രമണമുണ്ടായിരുന്നു.