പ്രണയ വിവാഹത്തിന്റെ പേരില്‍ അധ്യാപക ദമ്പതികളെ വിവാഹ ദിവസം പിരിച്ച് വിട്ടു, കുട്ടികളെ ബാധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍

പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് അധ്യാപക ദമ്പതികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അധ്യാപകരുടെ പ്രണയം സ്‌കൂളിലെ കുട്ടികള്‍ അനുകരിച്ചക്കുമെന്ന വിചിത്ര വാദം നിരത്തിയാണ് പിരിച്ച് വിട്ടത്.
കുങ്കുമ കൃഷിക്ക് പേരുകേട്ട കശ്മീരിലെ പാംപോറിലാണ് വിവാഹ ദിവസം തന്നെ ദമ്പതികള്‍ക്ക് പുറത്ത് പോകേണ്ടി വന്നത്. പാംപോര്‍ മുസ്ലിം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് താരിഖ് ഭട്ട് , സുമയ ബഷീര്‍ ദമ്പതികള്‍ക്ക്് വിവാഹദിവസം തന്നെ പിരിച്ചുവിടല്‍ നോട്ടീസ് അയച്ചത്. ഇവരുടെ പ്രണയം വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും എന്ന കാരണം ചൂണ്ടി കാട്ടിയാണ് പിരിച്ചു വിടല്‍.

വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുമയയുടെയും താരിഖിന്റെയും വിവാഹം മാസങ്ങള്‍ക്കു മുന്പാണ് ഉറപ്പിച്ചത്. നവംബര്‍ 30.നു ആയിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഇവര്‍ പ്രണയത്തില്‍ ആയിരുന്നു എന്നും, ഇത് സ്‌കൂളിലെ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെയും ഇരുന്നൂറോളം പ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിക്കുമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി പറഞ്ഞു.

എന്നാല്‍ തങ്ങളുടേത് കുടുംബക്കാര്‍ തമ്മില്‍ ആലോചിച്ചു നടത്തിയ വിവാഹം ആണെന്നും, ഉറപ്പിച്ച കാര്യം സ്‌കൂളിലെ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും അറിയാമെന്നും താരിഖ് വ്യക്തമാക്കി. വിവാഹത്തിന് ഒരു മാസം മുമ്പ് രണ്ടുപേരും അവധിക്കു അപേക്ഷ നല്‍കിയിരുന്നു, ഇത് അനുവദിക്കുകയും ചെയ്തതാണ്. തങ്ങളുടെ വിവാഹം ഒരു കുറ്റകൃത്യമല്ല എന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.