കോവിഡ് ചികിത്സയ്ക്കായി നൽകുന്ന പണത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രം

കോവിഡ് -19 ചികിത്സയ്ക്കായി നൽകുന്ന പണത്തിനും കോവിഡ് മരണം ഉണ്ടായാൽ നൽകുന്ന പണത്തിനും ആദായനികുതി ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്‍കുന്ന തുക 2019-20 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള വർഷവും പൂര്‍ണമായും ആദായനികുതിയിൽ നിന്നും ഒഴിവാക്കും.

കൂടാതെ, കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ കുടുംബത്തിന് നൽകുന്ന ധനസഹായവും 2019-20 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള വർഷവും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.

ഏതെങ്കിലും വ്യക്തിയിൽ നിന്നുള്ള എക്സ് ഗ്രേഷ്യ പെയ്‌മെന്റിന്റെ തുക 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.