ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ സീറ്റ് കിട്ടില്ല, കേന്ദ്രം ശ്രമിക്കുന്നത് ഗവര്‍ണര്‍മാര്‍ വഴി സമാന്തര ഭരണത്തിന്: സ്റ്റാലിന്‍

ബിജെപിക്ക് തനിച്ച് തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും സമവര്‍ത്തി പട്ടികയിലെ വിഷയങ്ങള്‍ പിടിച്ചെടുക്കാനുമാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് സ്റ്റാലിന്‍ പറയുന്നത്.

ഗവര്‍ണര്‍മാര്‍ വഴി സംസ്ഥാനങ്ങളില്‍ സമാന്തര ഭരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രത്തിന്റെ ജനാധിപത്യ ഫെഡറല്‍ സ്വഭാവത്തിന് നല്ലതല്ല. ഇത് തിരുത്തണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ പെരുമാറ്റവും സമീപനവും ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഡിഎംകെ മാത്രമല്ല, കേരളത്തില്‍ സിപിഐഎം, തെലങ്കാനയില്‍ ബിആര്‍എസ് തുടങ്ങി നിരവധി പാര്‍ട്ടികള്‍ ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.