സുപ്രീംകോടതിയ്ക്ക് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍; കെ പൊന്മുടി ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ഉത്തരവിന് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഡിഎംകെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്‌നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അര്‍എന്‍ രവിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചോദിച്ച കോടതി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡിഎംകെയുടെ കരുണാനിധി മന്ത്രിസഭയില്‍ കെ പൊന്മുടി ഖനി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയില്‍ 1.79 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇതേ തുടര്‍ന്നാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് പൊന്മുടിയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.