രാജ്യസഭ എം.പിമാരുടെ സസ്പെന്‍ഷന്‍: സഭയില്‍ കയറുമെന്ന് പുറത്താക്കിയ അംഗങ്ങള്‍

രാജ്യസഭയിൽ നിന്ന് എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം  തുടരും. സഭയ്ക്കകത്ത് കയറുമെന്ന് പുറത്താക്കിയ എം.പിമാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിനു സംസാരിക്കാൻ അനുവാദം നൽകാതെ എം.പിമാരെ സസ്‌പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. കഴിഞ്ഞ രാത്രി പുറത്താക്കിയ എം.പിമാർ പാർലമെന്‍റ് മന്ദിരത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിബുന്‍ ബോറ, സയ്യിദ് നസീര്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭ സസ്പെന്‍ഡ് ചെയ്തത്. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.