വാക്കു പാലിക്കാതെ വിട പറഞ്ഞ സുഷമ സ്വരാജ്; പരിഭവം പങ്ക് വെച്ച് സ്‌മൃതി ഇറാനി

ബി.ജെ.പിയുടെ പ്രിയപ്പെട്ട നേതാക്കളിലൊരാളായ സുഷമാ സ്വരാജ് വിട പറഞ്ഞ ദുഃഖത്തിലാണ് പാർട്ടിയിലെ മറ്റ് അംഗങ്ങൾ. മികച്ച രാഷ്ട്രീയ പ്രവർത്തക, പാർട്ടി ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച സുഷമയുടെ വിയോഗത്തിൽ നിരവധി പാർട്ടി നേതാക്കൾ വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

സുഷമാ സ്വരാജ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയ ആദ്യത്തെ നേതാക്കളിൽ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുഷമയോടൊപ്പം നടക്കാതെ പോയ ഒരു ഉച്ചഭക്ഷണ സൽക്കാരത്തെ കുറിച്ച് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്‌മൃതി ഇറാനി.

“ദീദിയോടൊപ്പം എനിക്ക് ഒരു സ്വാര്‍ത്ഥ താത്പര്യമുണ്ടായിരുന്നു. ഉച്ചഭക്ഷണ സൽക്കാരത്തിന് കൊണ്ടുപോകാമെന്ന് വാക്ക് തന്നിരുന്നു. ബാംസുരിയോട് ഭക്ഷണശാല തിരഞ്ഞെടുക്കാനും പറഞ്ഞിരുന്നു എന്നാൽ ഞങ്ങൾ രണ്ടുപേർക്കും നൽകിയ വാഗ്ദാനം നിറവേറ്റാതെ നിങ്ങൾ പോയി,” സ്‌മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. സുഷമ സ്വരാജിന്റെ മകളാണ് ബാംസുരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ സഹപ്രവർത്തകരായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും , സ്മൃതി ഇറാനിയും. ബി.ജെ.പി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിൽ അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാതെ സുഷമാ സ്വരാജ്  വിട്ടു നിൽക്കുകയായിരുന്നു.