ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയം; സന്തോഷസൂചകമായി മോദിയുടെ സ്വര്‍ണ പ്രതിമ

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ പണികഴിപ്പിച്ചു. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ പ്രതിമ നിര്‍മ്മിച്ചത്. ഗുജറാത്തിലെ 156 സീറ്റുകളില്‍ നേട്ടം കൊയ്ത ബിജെപിയുടെ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വര്‍ണ പ്രതിമ പണികഴിപ്പിച്ചത്.

മൂന്ന് മാസം കൊണ്ട് 15 സ്വര്‍ണപണിക്കര്‍ ചേര്‍ന്നാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 19.5 പവന്‍ വരുന്ന സ്വര്‍ണ വിഗ്രഹത്തിന് 8,11,200 രൂപ വില വരും. പണിക്കൂലി കൂടി ചേര്‍ത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വര്‍ണ പ്രതിമ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

പ്രതിമ നിര്‍മ്മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയായതായിരുന്നു. ഡിസംബര്‍ എട്ടിലെ ഫലപ്രഖ്യാപനം കൂടി പുറത്ത് വന്ന ശേഷം ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. തൂക്കം നിയമസഭാ സീറ്റുകളുടെ അതേ അക്കത്തിലേക്ക് എത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്.