'പ്രധാനമന്ത്രി ഭീരുത്വത്തിൻ്റെ എല്ലാ പരിധികളും ലംഘിച്ചു, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം';ജയറാം രമേശ്

ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അതിർത്തിത്തർക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്‌താവനക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. അമേരിക്കൻ മാസികയായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് ജയറാം രമേശിന്റെ വിമർശനം. പ്രധാനമന്ത്രി ഭീരുത്വത്തിൻ്റെ എല്ലാ പരിധികളും ലംഘിവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. എക്‌സിൽ കുറിച്ച പോസ്റ്റിലായിരുന്നു വിമർശനം.


ദീർഘകാലമായുള്ള ഇന്ത്യ-ചൈന അതിർത്തി തർക്കം എത്രയുംവേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ചൈനയ്ക്ക് മറുപടി നൽകാനുള്ള മികച്ച അവസരമായിരുന്നു പ്രധാനമന്ത്രിക്ക് ലഭിച്ചത്. എന്നാൽ, അദ്ദേഹത്തിൻ്റെ ദുർബലമായ മറുപടി ഇന്ത്യൻ മണ്ണിൽ അവകാശവാദം ഉന്നയിക്കാൻ ചൈനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജയറാം രമേശ് വിമർശിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ലജ്ജാകരം മാത്രമല്ലെന്നും നമ്മുടെ അതിർത്തികൾ സംരക്ഷിച്ച് പരമോന്നത ത്യാഗം സഹിച്ച നമ്മുടെ രക്തസാക്ഷികളോടുള്ള അവഹേളനം കൂടിയാണെന്നും ജയറാം രമേശ് പറഞ്ഞു. ആരും ഇന്ത്യയിലേക്ക് കടക്കില്ലെന്നും 2020 ജൂൺ 19-ന് ദേശീയ മാധ്യമത്തിലൂടെ നടത്തിയ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ 140 കോടി ജനങ്ങളോട് പ്രധാനമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹംജയറാം രമേശ് ആവശ്യപ്പെട്ടു.