മന്‍മോഹന്‍ സിംഗും സോണിയ ഗാന്ധിയും ചിദംബരത്തെ ഇന്ന് ജയിലില്‍ സന്ദര്‍ശിക്കും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും.ചിദംബരം കസ്റ്റഡിയില്‍ കഴിയുന്ന തിഹാര്‍ ജയിലിലെത്തിയാണ് കൂടിക്കാഴ്ച ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സന്ദര്‍ശനം.ഐ.എന്‍.എക്സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്.

74 കാരനായ മുന്‍ കേന്ദ്ര മന്ത്രിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.അടുത്ത മസം മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി. സെപ്തംബര്‍ 5 മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

ഐ.എന്‍.എക്‌സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസില്‍ ചിദംബരം നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ചിദംബരത്തെ വിചാരണക്കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യാപേക്ഷയോടൊപ്പം സിബിഐയുടെ റിപ്പോര്‍ട്ടും ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ ചുരുങ്ങിയത് അടുത്ത മാസം മൂന്ന് വരെ ചിദംബരത്തിന് തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജാമ്യം നല്‍കിയാലും ഇതേ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ചിദംബരത്തിനെതിരെ നിയമനടപടികള്‍ ഉണ്ടായേക്കും.