'സഞ്ചാര്‍ സാഥി' പ്രതിപക്ഷ പ്രതിഷേധത്തില്‍ ആടിയുലഞ്ഞ് കേന്ദ്രം; സ്വകാര്യത ലംഘനവും പൗരന്മാരെ നിരീക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ കുതന്ത്രവുമെന്ന ആക്ഷേപത്തില്‍ മറുപടി പറയേണ്ടി വന്ന് ടെലികോം മന്ത്രി; ലോകത്ത് ഒരിടത്തും ഇങ്ങനെ ചെയ്യാറില്ലെന്ന് പറഞ്ഞു ആപ്പിളും രംഗത്ത്

മൊബൈല്‍ ഫോണില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉള്‍പ്പെടുത്താനുള്ള നീക്കം പൗരരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണെന്ന വിമര്‍ശം ശക്തമായതോടെ മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായി. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തമായി പ്രതിഷേധമുയര്‍ത്തിയതോടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. പ്രതിപക്ഷ പാര്‍ടികളും വിദഗ്ധരും ആശങ്ക അറിയിച്ചതിനൊപ്പം സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തു. ആപ്പിളാണ് ആദ്യം തന്നെ ഇത് സ്വകാര്യത ലംഘനമാണെന്ന് പറഞ്ഞു മുമ്പിലെത്തിയ ഫോണ്‍ കമ്പനി. നേരത്തേയും മോദി സര്‍ക്കാരിനെതിരെ ചാരനിരീക്ഷണത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയടക്കം നിരീക്ഷിക്കാന്‍ കേന്ദ്രം ശ്രമിച്ചെന്ന ആരോപണം ഇന്നും നിലനില്‍ക്കെയാണ് രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പുത്തന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

രാജ്യത്ത് വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് നീക്കം വിവാദത്തിലായത്.
മൊബൈല്‍ ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സഞ്ചാര്‍ സാഥി ആപ്പ് എല്ലാവര്‍ക്കും എളുപ്പം ലഭ്യമാകും വിധം ഫോണുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ആപ്പിന്റെ ഫീച്ചറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും പ്രവരത്തനരഹിതമാക്കുന്നതിനും വിലക്കുണ്ടെന്നിരിക്കെ വലിയ സ്വകാര്യത ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന ആക്ഷേപം ശക്തമായി. പാര്‍ലമെന്റില്‍ അടക്കം പ്രതിപക്ഷം സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തതോടെ സൈബര്‍ സുരക്ഷാ ആപ്പിന് ആളുകളുടെ സ്വകാര്യ ഡാറ്റ ആക്സസ് ചെയ്യുന്നതിനോ ചാരവൃത്തിയ്‌ക്കോ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ലമെന്റില്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തുവന്നതോടെയാണ് സിന്ധ്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിക്കേണ്ടി വന്നത്. സഞ്ചാര്‍ സാഥി ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് മറ്റേതൊരു ആപ്പിനേയും പോലെ പൂര്‍ണ്ണമായും ഉപഭോക്താക്കളുടെ ഇഷ്ടമാണെന്നാണ് സിന്ധ്യയുടെ വാദം.

സഞ്ചാര്‍ സാഥി ആപ്പ് കേവലം നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനുള്ള ഒരു സംവിധാനമല്ലെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒരു ഡിജിറ്റല്‍ നിരീക്ഷണ ഉപകരണമാണെന്നും മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക് വിമര്‍ശിച്ചു. പെഗാസസ് എന്നത് കള്ളനെപ്പോലെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഒന്നാണെങ്കില്‍, സഞ്ചാര്‍ സാഥി എന്നത് ‘സുരക്ഷയുടെ’ പേരില്‍ മുന്‍വാതിലിലൂടെ വന്ന്, നിങ്ങളുടെ കിടപ്പുമുറിയില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കുന്നതിന് തുല്യമാണെന്നും ആപ്പ് ചോദിക്കുന്ന പെര്‍മിഷനുകള്‍ തെളിയിക്കുന്നത്, ഇതിന് നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശേഷിയുണ്ട് എന്നാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ നിന്ന് സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അത് പ്രവര്‍ത്തിക്കില്ലെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജോതിരാദിത്യ സിന്ധ്യ ബുധനാഴ്ച ആവര്‍ത്തിച്ചു. മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണ ആശങ്ക ഉയര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ നിഷേധിക്കുകയായിരുന്നു.

നമുക്ക് 100 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. പൗരന്മാരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ മനസോടെയാണ് 2023-ല്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിച്ചത്. 2025-ല്‍ ആപ്പ് കൊണ്ടുവന്ന് എല്ലാ പൗരന്മാര്‍ക്കും ഒരു അവസരം നല്‍കാനാണ് തീരുമാനിച്ചത്. ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടെന്ന് കരുതി, അത് ഓട്ടോമാറ്റി ആയി പ്രവര്‍ത്തിക്കുമെന്ന് അര്‍ത്ഥമില്ല. ഉപഭോക്താവ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അത് പ്രവര്‍ത്തിക്കില്ല. പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉത്തരവില്‍ മാറ്റം വരുത്താന്‍ ടെലികോം വകുപ്പ് തയ്യാറാണ്. മറ്റേതൊരു ആപ്പിനെയും പോലെ ഈ ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പറ്റും. കാരണം ഒരു ജനാധിപത്യത്തില്‍ ഓരോ പൗരനും ഈ അവകാശമുണ്ട്. ആപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. പൊതുജന പങ്കാളിത്തമുണ്ടെങ്കിലേ ആപ്പ് വിജയകരമാവുകയുള്ളൂ. പൊതുജനാഭിപ്രായം അനുസരിച്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്. രഹസ്യ നിരീക്ഷണം സാധ്യമല്ല. അത് ചെയ്യുകയുമില്ല.’

Read more

വിഷയം വലിയ വിവാദമായതോടെയും പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടേയും മൊബൈല്‍ കമ്പനികളടക്കം സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വരികയും ചെയ്തതോടെയാണ് ഉത്തരവില്‍ പൊതുജനാഭിപ്രായം അനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറാണെന്ന ടെലികോം മന്ത്രിയുടെ മറുപടിയും വിഷയത്തിലെ യൂടേണും.