കെ.കെ ശൈലജയെ മാറ്റിയതിൽ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും അതൃപ്തി അറിയിച്ചു

കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും മാറ്റിയതില്‍ സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ശൈലജയെ മാറ്റിയതിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്.

കെ.കെ ശൈലജയെ പാർട്ടി വിപ്പായാണ് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സി.പി.ഐ (എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹമാൻ എന്നിവരെ നിശ്ചയിച്ചു.

സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അദ്ധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.