സീതാറാം യെച്ചൂരി ഉൾപ്പെടെ ഇടതു നേതാക്കൾ ഡൽഹിയിൽ അറസ്റ്റിൽ; പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ഡി.രാജ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഡൽഹിയിൽ 144-ാം വകുപ്പ് നടപ്പാക്കുകയും നാലിലധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾക്കിടയിലും പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ ഡൽഹിയിലും ബെംഗളൂരുവിലും ധാരാളം പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്.

ചരിത്രകാരനായ രാംചന്ദ്ര ഗുഹ ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ ബെംഗളൂരുവിലെ ടൗൺഹാളിൽ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ് ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തടഞ്ഞുവെച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് നിലവിൽ പല സ്ഥലങ്ങളിലായാണ് പ്രതിഷേധം. ഡൽഹിയിൽ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനെ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു.