ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മോദി അധികാരത്തില്‍ എത്തിയത് കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയല്ല; കാലാവധി തീരുംവരെ ഭരിക്കുമെന്നും സിദ്ധരാമയ്യ

കര്‍ണാടകയില്‍ കാലാവധി കഴിയുംവരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അധികാരം ജനവിധി നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകരുമെന്നും സര്‍ക്കാര്‍ താഴെ വീഴുമെന്നുമാണ് യെദ്യൂരപ്പ പറയുന്നത്. അടുത്ത നാല് വര്‍ഷവും അദ്ദേഹം ഇത് തന്നെ പറയും. തങ്ങള്‍ കാലാവധി തീരുംവരെ അധികാരത്തില്‍ തുടരും. സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയില്‍ തലതൊട്ട് വണങ്ങുന്നത് കണ്ടു. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപിക്ക് അനുവാദം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ എവിടെയാണുള്ളതെന്നും സിദ്ധരാമയ്യ ചോദിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പറഞ്ഞ് ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വിമത എംഎല്‍എ രമേശ് ജാര്‍ക്കഹോളിയടക്കം പാര്‍ട്ടിയോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

Read more

ജൂണ്‍ ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന യെദ്യൂരപ്പയുടെ പ്രവചനത്തെയും സിദ്ധരാമയ്യ വെല്ലുവിളിച്ചു. യെദ്യൂരപ്പ അവകാശപ്പെടുന്നതു പോലെ സര്‍ക്കാര്‍ വീണില്ലെങ്കില്‍ രാജി വെയ്ക്കാന്‍ തയ്യാറാണോയെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചു. സര്‍ക്കാരിനൊപ്പമുള്ള 20 എംഎല്‍എമാര്‍ അതൃപ്തരാണെന്നും അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.