മുംബൈയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. അപകടത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ഗോരോഗാവിലെ ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ ഉടന്‍തന്നെ എച്ച്ബിടി ട്രോമ സെന്റര്‍, കൂപ്പര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് സൂചന. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. ഇവിടെ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന.

അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.