ഡല്‍ഹിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ഗോകുല്‍പുരിയില്‍ കുടിലുകളില്‍ തീപിടിത്തം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. തീപിടിത്തത്തില്‍ അറുപതോളം കുടിലുകള്‍ കത്തിനശിച്ചു. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ 1 മണിയോടെയാണ് ഗോകുല്‍പുരിയില്‍ മെട്രോ പില്ലര്‍ നമ്പര്‍ 12ന് സമീപമുള്ള കുടിലുകളില്‍ തീപിടുത്തമുണ്ടായത്. വിവരം ലഭിച്ച ഉടനെ പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് മണിയോടെയാണ് തീ അണയ്ക്കാനായത്. 13 അഗ്നിശമമ സേന യൂണിറ്റുകളാണ് സ്ഥലത്ത് എത്തി തീ നിയന്ത്രവിധേയമാക്കിയത്.

തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥലത്ത് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദുഃഖം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.