ഏഴ് മണിക്കൂര്‍ മോര്‍ച്ചറിയിലെ ഫ്രീസറില്‍ കഴിഞ്ഞു; മരിച്ചുവെന്ന് കരുതിയ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി ഏഴു മണിക്കൂറിലേറെ മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച 45കാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു എന്ന് കരുതിയ ശ്രീകേഷ് കുമാറിനെയാണ് മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ജീവനുള്ളതായി കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് ശ്രീകേഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു എങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയച്ചു.

വെള്ളിയാഴ്ച്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഇയാളെ പുറത്തെടുത്തപ്പോളാണ് ജീവന്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീകേഷിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ അനാസ്ഥയാണോ സംഭവത്തിന് കാരണം എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൊറാദാബാദില്‍ വെച്ചാണ് ശ്രീകേഷ് കുമാറിന് അപകടം ഉണ്ടാകുന്നത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കു പറ്റി റോഡില്‍ കിടന്ന ശ്രീകേഷിനെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തും മുന്‍പാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ മരണം സ്ഥിരീകരിയ്ക്കുന്നതിന് മുമ്പ് ശ്രീകേഷിനെ മറ്റ് മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയതായി ശ്രീകേഷിന്റെ ഭാര്യാസഹോദരന്‍ കിഷോരി ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ചെക്കപ്പ് നടത്തിയെങ്കിലും ചികിത്സ നല്‍കിയില്ലെന്നും കിഷോരി ലാല്‍ ആരോപിച്ചു.

പുലര്‍ച്ചെ നാലരയോടെയാണ് ശ്രീകേഷിനെ മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ അശ്രദ്ധയും അനാസ്ഥയുമാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീകേഷിനെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. മനോജ് യാദവ് ഒന്നിലധികം തവണ പരിശോധിച്ചു. ഹൃദയമിടിപ്പ് കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു എന്നും മൊറാദാബാദിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശിവ് സിംഗ് പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ ശ്രികേഷ് കുമാര്‍ ഇപ്പോള്‍ കോമയിലാണ്.