ശക്തമായ പ്രതിഷേധത്തില്‍ മോദി സര്‍ക്കാരിന്റെ യൂടേണ്‍; 'സഞ്ചാര്‍ സാഥി' മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള നീക്കം കേന്ദ്രം പിന്‍വലിച്ചു; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് ഉത്തരവ്

കടുത്ത എതിര്‍പ്പിനു പിന്നാലെ സഞ്ചാര്‍ സാഥി ആപ്പ് നിബന്ധനയില്‍ യു ടേണ്‍ എടുത്ത് കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്‌ഫോണുകളില്‍ ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷവും സാങ്കേതിക വിദഗ്ധരുമെല്ലാം ശക്തമായി എതിര്‍ത്ത സഞ്ചാര്‍ സാഥി നിര്‍ബന്ധിത നിബന്ധനയ്‌ക്കെതിരെ മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാരിന്റെ പിന്മാറ്റം. പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ സഹകരിക്കില്ലെന്ന് ആപ്പിള്‍ നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ തയ്യാറല്ലെന്നും ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍ലമെന്റിലടക്കം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായ എതിരഭിപ്രായവും സ്വകാര്യതയുടെ ലംഘനവും സര്‍ക്കാര്‍ ചാരവൃത്തി പൗരന്മാര്‍ക്ക് മേല്‍ ചെയ്യുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നതോടെ ടെലികോം മന്ത്രിക്ക് മറുപടി പറയേണ്ടിവന്നിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം ഉത്തരവില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ തയാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്‌സഭയില്‍ പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഉത്തരവ് പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്.

ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താനാണ് ആപ് നിര്‍ബന്ധമാക്കാനുള്ള നീക്കം പിന്‍വലിച്ചതെന്നും ആണ് സര്‍ക്കാര്‍ വിശദീകരണം. ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തത്. ആകെ ഇതുവരെ 1.4 കോടി പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പൗരര്‍ക്ക് ആപ്പിന്മേലുള്ള വിശ്വാസത്തിന്റെ സൂചനയാണിതെന്നെല്ലാം സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ റൈറ്റ് ടു പ്രൈവസിയുടെ ലംഘനം എന്ന ആക്ഷേപം ശക്തമായതോടെയാണ് ഈ മുട്ടുമടക്കലെന്നത് വ്യക്തമാണ്.

ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും അത് നടക്കില്ലെന്നും ജ്യോതിരാതിദ്യ സിന്ധ്യ മന്ത്രി ഉറപ്പുനല്‍കിയിരുന്നു. 90 ദിവസത്തിനുള്ളില്‍ എല്ലാ കമ്പനികളും ഇനി നിര്‍മിക്കാനിരിക്കുന്ന ഫോണുകളിലും, ഇതിനകം നിര്‍മിച്ച് വിപണിയിലേക്ക് അയച്ചുകഴിഞ്ഞതുമായ ഫോണുകളിലും ഈ ആപ് നിര്‍ബന്ധമാക്കാനാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. വ്യാജമായതോ തട്ടിപ്പില്‍ ഉള്‍പ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത് എന്നായിരുന്നു ഉത്തരവ് സംബന്ധിച്ച വിശദീകരണം.

Read more

പ്രതിപക്ഷമടക്കം കടുത്ത എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. കേന്ദ്രനീക്കം വിവാദമായതോടെ ആപ് ആവശ്യമില്ലാത്തവര്‍ക്ക് അത് ഡിലീറ്റ് ചെയ്യാനാകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആദ്യദിവസം വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ കമ്പനികള്‍ക്ക് അയച്ച ഉത്തരവില്‍ ആപ്പിന്റെ സൗകര്യങ്ങള്‍ പരിമിതപ്പെടുത്താനോ ഡിസേബിള്‍ ചെയ്യാനോ കഴിയാത്ത വിധത്തിലായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇത് ഉപയോക്താക്കള്‍ക്കല്ല, സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്കുള്ള നിര്‍ദേശമാണെന്നായിരുന്നു ടെലികോം വകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം. കമ്പനികള്‍ ഫോണ്‍ വില്‍ക്കുമ്പോള്‍ ഇത് ഡിസേബിള്‍ ചെയ്ത തരത്തില്‍ നല്‍കരുതെന്നാണ് ഉദ്ദേശിച്ചത്. ഉപയോക്താവിന് ആപ് ഡിലീറ്റ് ചെയ്യുന്നതിന് ഉത്തരവില്‍ വിലക്ക് നിര്‍ദേശിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സഞ്ചാര്‍ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരീകരണം വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.