റഷ്യ - ഉക്രൈന്‍ യുദ്ധം; ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞു, ഡോളറിനെതിരെ വിനിമയനിരക്ക് 77 രൂപ, നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

റഷ്യ-ഉക്രൈന്‍ യുദ്ധം അന്താരാഷ്ട്ര വിപണിയിലുണ്ടാക്കിയ ആഘാതം ഇന്ത്യന്‍ രൂപയ്ക്ക് വന്‍തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡോളറുമായുളള രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. ഡോളറിനെതിരെ 77 രൂപയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. യുഎഇ ദിര്‍ഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന്റെ ഇപ്പോഴത്തെ മൂല്യം 20.94 രൂപയാണ്. ഇതേത്തുടര്‍ന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി.

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയിലും വലിയ വര്‍ധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാരലിന് 121 ഡോളര്‍ ആണ് നിലവിലെ ക്രൂഡ് ഓയില്‍ വില. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. 2008ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. റഷ്യന്‍ ക്രൂഡ് ഓയിലിനും ഉല്‍പന്നങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്ന സൂചനകളാണ് വില ഉയരാന്‍ കാരണമാകുന്നത്.

റഷ്യ-യുക്രെയന്‍ സംഘര്‍ഷ പശ്ചാത്തലം തുടരുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ റിയാലിന് 21.13 രൂപയും കുവൈത്ത് ദിനാറിന് 253.09 രൂപയും ബഹ്‌റൈന്‍ ദിനാറിന് 204 രൂപയുമാണ് വിനിമയ നിരക്ക്.