പാര്‍ട്ടിയുടെ നെടുംതൂണ്, എക്കാലത്തും പാര്‍ട്ടിയെ നയിച്ച വ്യക്തി, ഇത്രയും മുതിര്‍ന്ന നേതാവിനെ അവര്‍ തഴഞ്ഞതില്‍ വിഷമമുണ്ട്: മോദി-ഷാ സഖ്യത്തെ വിമര്‍ശിച്ച് റോബര്‍ട്ട് വദ്ര

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്ര. പാര്‍ട്ടിയിലെ ഇത്രയും മുതിര്‍ന്ന നേതാവിനെ അവര്‍ തഴഞ്ഞത് ദു:ഖകരമാണെന്നായിരുന്നു റോബര്‍ട്ട് വദ്ര പറഞ്ഞത്.

പാര്‍ട്ടിയുടെ നെടുംതൂണാണ് എല്‍ കെ അദ്വാനി. എക്കാലത്തും പാര്‍ട്ടിയെ നയിച്ച വ്യക്തി. അദ്ദേഹത്തെ മറന്നിരിക്കുന്നു. സത്യസന്ധതയും നേതൃഗുണവുമുള്ള നേതാക്കളെ പാര്‍ട്ടി അവഗണിക്കുകയാണ്. അങ്ങിനെ കടന്നു പോകേണ്ടവരല്ല അവര്‍. അവരുടെ സീനിയോറിറ്റിയേയും അവരുടെ വിലയേറിയ ഉപദേശങ്ങള്‍ക്കും വില കല്‍പ്പിക്കേണ്ടതുണ്ട്. അവരാണ് യഥാര്‍ത്ഥ നേതാക്കള്‍”- വദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് എല്‍.കെ അദ്വാനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനു ശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നും അദ്വാനി പറഞ്ഞിരുന്നു. വിയോജിപ്പും അഭിപ്രായസ്വാതന്ത്ര്യവും അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാര്‍ത്ഥിയാക്കിയ ശേഷം ആദ്യമായിട്ടാണ് അദ്വാനി പ്രതികരിച്ചത്. 1991 മുതല്‍ ആറ് തവണ അദ്വാനി ഗാന്ധിനഗറില്‍ നിന്ന് എംപിയായിട്ടുണ്ട്. 2002-2004 കാലയളവില്‍ ഉപപ്രധാനമന്ത്രിയായ അദ്ദേഹം അടുത്ത പ്രധാനമന്ത്രി ആകേണ്ടയാള്‍. എന്നാല്‍ പിന്നീട് ബിജെപിയില്‍ നിന്ന് പത്ത് വര്‍ഷക്കാലം കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ അദ്ദേഹത്തിന്റെ പ്രാതിനിധ്യം കുറഞ്ഞു. തുടര്‍ന്ന് 2014ല്‍ ബിജെപി വീണ്ടും അധികാരം പിടിച്ചതോടെ മോദി പ്രധാനമന്ത്രി ആകുന്നതിനെതിരെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.