വിവാദങ്ങള്‍ക്കിടയില്‍ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് , കനത്ത സുരക്ഷയില്‍ മണ്ഡലം

വിവാദങ്ങള്‍ക്കിടയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് മണ്ഡലം. 256 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെയുടെ ഇ.മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

അണ്ണാ ഡിഎംകെയും ടിടിവി ദിനകരനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ആര്‍കെ നഗറില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടുമെന്നാണ് ദിനകരനപക്ഷം വിശ്വസിക്കുന്നത്. അവസാനവട്ട പരിശ്രമം എന്ന നിലയില്‍ ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വരെ ദിനകരപക്ഷം പുറത്തുവിട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തങ്ങള്‍ക്കെതിരെ തുടരെത്തുടരെ ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്ന് ടിടിവി ദിനകരന്റെ വലംകൈയായ വെട്രിവേല്‍ പറഞ്ഞിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ മോശമായി ബാധിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൃശ്യങ്ങള്‍ക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഞായാറാഴ്ചയാണ് വോട്ടെണ്ണല്‍.