കരുതല്‍ ഡോസ് വാക്‌സിന്‍; സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ ഈടാക്കാമെന്ന് കേന്ദ്രം

ആദ്യ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായുള്ള കരുതല്‍ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന പരമാവധി തുക 150 രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനങ്ങളിലെ കരുതല്‍ ഡോസ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വാക്‌സിന്റെ വില സംബന്ധിച്ച് വിവരം അറിയിച്ചത്.

കോവിഷീല്‍ഡ് കരുതല്‍ ഡോസിന് വേണ്ടി 600രൂപയും നികുതിയും സര്‍വീസ് ചാര്‍ജും നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദാര്‍ പൂനെവാലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് 150 രൂപയില്‍ കൂടരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.

18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും നാളെ മുതല്‍ കരുതല്‍ ഡോസ് വാക്‌സിന്‍ വിതരണം ആരംഭിക്കും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. ആദ്യം സ്വീകരിച്ച വാക്‌സിന്റെ തന്നെ കരുതല്‍ ഡോസാണ് സ്വീകരിക്കേണ്ടത്. വാക്‌സിനേഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കോവിന്‍ പോര്‍ട്ടലില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് വ്യക്തമാക്കി.