'പ്രവർത്തകർ ആ​ഗ്രഹിക്കുന്നുവെങ്കിൽ കോൺ​ഗ്രസ് വിട്ടുപോകാൻ തയാറാണ്'; വികാരാധീനനായി കമൽനാഥ്‌

പാർട്ടി പ്രവർത്തകർക്കു മേൽ തന്നെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുകയാണെങ്കിൽ പാർട്ടിവിടാൻ തയാറാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. പ്രവർത്തകർ ആ​ഗ്രഹിക്കുന്നുവെങ്കിൽ കോൺ​ഗ്രസ് വിട്ടുപാകാൻ താൻ തയ്യാറാണെന്ന് കമൽനാഥ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം നിഷേധിച്ചതിനു പിന്നാലെയാണ് വൈകാരികമായ പ്രസംഗവുമായി കമൽനാഥ് എത്തിയത്.

ചിന്ദ്വാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു കമൽനാഥ്. ‘കമൽനാഥ് കോൺ​ഗ്രസ് വിട്ടുപോകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നെങ്കില്‍ താൻ അതിന് തയ്യാറാണ്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അത്തരമൊരു തീരുമാനം എടുക്കില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രവർത്തകരാണ്. നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി നമ്മൾ വോട്ട് ചെയ്യണം. തനിക്ക് എല്ലാവരേയും വിശ്വാസമുണ്ട്’ – എന്നായിരുന്നു കമൽനാഥിന്റെ വാക്കുകൾ.

അയോധ്യയിലെ രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്ഷേത്രം സ്വന്തം ക്രെഡിറ്റെന്ന രീതിയിൽ ബിജെപി ഏറ്റെടുക്കരുത്. രാമക്ഷേത്രം താനുൾപ്പെടെ എല്ലാവരുടേതുമാണ്. പൊതുപണം ഉപയോ​ഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലായതിനാൽ സുപ്രീംകോടതി വിധി പ്രകാരം അവർ ക്ഷേത്രം നിർമിച്ചുവെന്നും കമൽനാഥ് വ്യക്തമാക്കി.

കമല്‍നാഥ് കോൺ​ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ഇക്കാര്യം വെറും പ്രചാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തള്ളിയിരുന്നു. മാധ്യമങ്ങളുടെ പ്രചാരങ്ങളാണ് ഇത്തരം അഭ്യൂഹങ്ങളെന്നാണ് കമൽനാഥ്‌ പ്രതികരിച്ചത്.