യുപിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, കേസെടുത്ത് പൊലീസ്

യുപിയെ നടുക്കി വീണ്ടും ഒരു കൂട്ട ബലാത്സംഗത്തിന്റെ വാർത്ത പുറത്തുവന്നിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥിനയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.

ഓട്ടോയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ ബൈക്കിലെത്തിയ മൂന്നുപേർ വാഹനം തടഞ്ഞുനിർത്തി ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.പിന്നീട് ഹോട്ടൽ റൂമിലെത്തിച്ച് പീഡിപ്പിച്ചു. അതിനിടെ ദൃശ്യങ്ങൾ പകർത്തി വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയെ വൈദ്യചികിത്സയ്ക്ക് അയച്ചു. പീഡനം ചെറുത്തപ്പോൾ പ്രതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പെൺകുട്ടി പറഞ്ഞു.

കേസിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടിക്കുമെന്നും ഹാപൂർ പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.