ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കി; പൊലീസ് കോൺ​സ്റ്റ​ബിൾ അറസ്റ്റിൽ

ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കി.ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. 25കാരിയായ ദളിത് യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  27കാരനായ പൊലീസ് കോണ്‍സറ്റബിൾ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.

ഡിസംബ‌ർ 29നായിരുന്നു ആഗ്രയിൽ നിയമിതനായ പൊലീസ് കോൺസ്റ്റ​ബിൾ രാഘവേന്ദ്ര സിങ്ങി​ന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.കൊല്ലപ്പെട്ട പെണ്‍കുട്ടിയും പൊലീസുകാരനും നേരത്തേ മുതൽ പരിചയമുണ്ട്‌. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ യുവതി കോൺ​സ്റ്റബളി​ന്റെ വാടക മുറിയിൽ എത്തിയിരുന്നതായി പറയുന്നുണ്ട്.

കൊല നടന്ന ദിവസം ഇയാൾ സ്റ്റേഷനിൽ നിന്നും നേരത്തെ ഇറങ്ങിയിരുന്നു.കൊലപാതകത്തിന് ശേഷം സിങ്ങ് തന്നെ സുഹൃത്തുക്കളോട് ഇതേ പറ്റി പറഞ്ഞതായാണ് വിവരം. ഝാൻസി സ്വദേശിയാണ് കോൺ​സ്റ്റബിൾ രാഘവേന്ദ്ര സിംഗ്. ഇവിടെ രണ്ട് പേരും ഒരുമിച്ച് നഴ്സിംഗ് ട്രെയിനിംഗ് ചെയ്തിട്ടുണ്ട്. ഈ കാലം മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

വിവാഹാലോചനയുമായി യുവതിയുടെ വീട്ടുകാർ രാഘവേന്ദ്രയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ രാഘവേന്ദ്രയുടെ കുടുംബം ഈ ബന്ധം നിരാകരിച്ചു. എങ്കിലും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് യുവതിയുടെ സഹോദരന്‍ വിശദമാക്കുന്നത്. അടുത്തിടെ ആഗ്രയിലേക്ക് നിയമിതനായ രാഘവേന്ദ്ര സിംഗ് ബേലൻ​ഗജിലെ വാടക മുറിയിൽ ആയിരുന്നു താമസം.

ഗുരുഗ്രാമിലെ കിഡ്നി സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പത്തെ ദിവസമാണ് പൊലീസുകാരന്റെ മുറിയിലെത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രാഘവേന്ദ്രയെ പൊലീസ് അറ​സ്റ്റ് ചെയ്തത്.ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.