രാമക്ഷേത്രത്തെ നിരന്തരം അപമാനിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ യുവാക്കളെ മദ്യപന്‍മാരായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാഹുല്‍ ഗാന്ധിയ്ക്ക് യുവാക്കളോടുള്ള മനോഭാവമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട അനേകം ചെറുപ്പക്കാരെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ കണ്ടുവെന്ന പരാമര്‍ശത്തിന് മറുപടിയായാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശിക്കുന്നതായും മോദി പറഞ്ഞു.

രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഫയല്‍ ചെയ്ത മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി.

2018ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബംഗളൂരുവിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.