കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍

 

വെള്ളിയാഴ്ച ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും പഞ്ചാബും ഇതിനകം പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് കേന്ദ്രം ശ്രദ്ധിച്ച് കേള്‍ക്കാന്‍ തയ്യാറാകണമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംവാദം നടന്നില്ലെങ്കില്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” നിയമം പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട് എന്നാല്‍ ആരെങ്കിലും അത്  ചോദ്യം ചെയ്താല്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധര്‍ എന്ന് വിളിക്കുകയും ചെയ്യുന്നു, ” പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ കൂടിയായ പൈലറ്റ് പറഞ്ഞു. ജനുവരി 28- ന് ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റാലിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിയുടെ നിയമസാധുത സുപ്രീം കോടതിയാണ് തീരുമാനിക്കുക. രാജസ്ഥാന്‍ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും. സമാധാനപരമായും നിയമത്തിന്റെ അതിര്‍ത്തിക്കുള്ളിലും അഭിപ്രായഭിന്നത പ്രകടിപ്പിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ നിയമം കൈയില്‍ എടുക്കുന്നവരെ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ ഗാന്ധിയുടെ ‘ആക്രോഷ് റാലി’യില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ധാരാളം പങ്കെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ന് രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ അശാന്തി നിലനില്‍ക്കുന്നു. വിദ്യാസമ്പന്നര്‍ക്ക് തൊഴിലില്ല. സമ്പദ് വ്യവസ്ഥ മോശമായ അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു. റാലിയില്‍ നിന്നുള്ള സന്ദേശം രാജ്യത്തുടനീളം വ്യാപിക്കും.രാഹുല്‍ ഗാന്ധി ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കും. രാജസ്ഥാനിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം റാലികള്‍ നടത്തും. കേന്ദ്ര ബജറ്റ് കണക്കിലെടുത്ത് സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ സഹായിക്കുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അതേസമയം നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ സതീഷ് പൂനിയ പറഞ്ഞു.