പെട്രോൾ- ഡീസൽ നികുതി കുറച്ച്​ രാജസ്ഥാൻ; വ്യോമയാന ഇന്ധനത്തിന്റെ നികുതി കുറച്ച് മധ്യപ്രദേശ്

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പെട്രോൾ വില ലിറ്ററിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയ്ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ഇതുമൂലം സംസ്ഥാന സർക്കാരിന് വാർഷിക വരുമാനത്തിൽ 3500 കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നും സർക്കാർ അറിയിച്ചു.

“ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. ഇന്ന് രാത്രി 12 മണി മുതൽ പെട്രോളിന് ലിറ്ററിന് 4 രൂപയും ഡീസലിന് 5 രൂപയും നിരക്ക് കുറയും, ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

അതേസമയം, മധ്യപ്രദേശ് മന്ത്രിസഭ വ്യോമയാന ഇന്ധനത്തിന്റെ വാറ്റ് 25% ൽ നിന്ന് 4% ആയി വെട്ടിക്കുറച്ചു, ഇത് സംസ്ഥാനത്ത് വ്യോമയാനവും ടൂറിസവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നീക്കമാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന ടർബൈൻ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങൾക്കും കത്ത് അയച്ചിരുന്നു.