'ബിജെപിയുടെ ഫാഷിസ ഭരണം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കുന്നത് കുറ്റകരമല്ല; അണ്ണാമലൈയുടെ വാദങ്ങള്‍ തള്ളി; ലോയിസ് സോഫിയയെ കുറ്റവിമുക്തയാക്കി മദ്രാസ് ഹൈക്കോടതി

‘ഫാഷിസ്റ്റ് ബിജെപി ഡൗണ്‍’ എന്ന മുദ്രാവാക്യം മുഴക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ബിജെപിക്കെതിരെ വിമാനത്തില്‍വെച്ച് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലോയിസ് സോഫിയയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ്‌ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷയും നിലവില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ സാന്നിധ്യത്തില്‍ വിമാനത്തില്‍ വച്ചാണ് ലോയിസ് സോഫിയ ‘ഫാഷിസ്റ്റ് ബിജെപി ഡൗണ്‍’ എന്ന മുദ്രാവാക്യം മുഴക്കിയത്.

‘ഫാഷിസ്റ്റ് ബിജെപി’ എന്ന മുദ്രാവാക്യം മാത്രമാണ് സോഫിയ ഉയര്‍ത്തിയതെന്നും ആ വാക്കുകള്‍ കുറ്റകരമല്ലെന്നും നിസ്സാര സ്വഭാവമുള്ളതാണെന്നും മധുര ബെഞ്ചിലെ ജസ്റ്റിസ് പി.ധനബാല്‍ ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷന്‍ 290 പ്രകാരം കുറ്റം ചുമത്താന്‍ മാത്രം ഒന്നുമില്ലെന്നും കോടതി അറിയിച്ചു.

സപ്രെഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ് എഗെന്‍സ്റ്റ് സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് 1982 പ്രകാരം കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ വാദിച്ചപ്പോള്‍, സോഫിയ അക്രമം നടത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത നിയമം ചുമത്താനാകില്ലെന്നും വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും കോടതി ഉത്തരവിടുകയായിരുന്നു.

അറസ്റ്റിലായ ഇവര്‍ക്ക് നേരത്തെ തൂത്തുക്കുടി കോടതിയില്‍നിന്നു ജാമ്യം ലഭിച്ചിരുന്നു. തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബിജെപിയുടെ ഫാഷിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിക്കുന്നതിന് സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

. സോഫിയയ്ക്കു പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു.