മത്സരിക്കാനുള്ള സാദ്ധ്യതകൾക്കിടെ ഡൽഹിയിൽ സോണിയ- തരൂർ കൂടിക്കാഴ്ച, നിർണായക കാര്യങ്ങൾ ചർച്ച ചെയ്തു

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എംപി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.

അതെ സമയം കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ശക്തമാക്കി സംസ്ഥാന നേതൃത്വങ്ങൾ. രാജസ്ഥാൻ, ഛത്തീസ്‍ഗഡ് നേതൃത്വങ്ങൾ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി. കൂടുതൽ സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനല്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ തന്നെ പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നു.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ വരണം എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. രാഹുൽ കഴിഞ്ഞാൽ അധ്യക്ഷനാകാൻ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേര് ശശി തരൂരിന്റേതാണ്. മത്സരിക്കാനുള്ള സാധ്യത തരൂർ തള്ളിക്കളഞ്ഞിരുന്നില്ല.