നടന്നത് മതിയെന്ന് രാഹുല്‍, വഴങ്ങാതെ സോണിയ; നിര്‍ബന്ധിച്ച് കാറില്‍ കയറ്റി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുന്‍പായാണ് സോണിയ യാത്രയില്‍ പങ്കുചേര്‍ന്നത്. ആദ്യം കാല്‍നടയായി രാഹുലിന്റെ ഒപ്പമായിരുന്ന സോണിയ പിന്നീട് യാത്ര കാറിലാക്കി. രാഹുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സോണിയ കാറില്‍ കയറിയത്.

യാത്രയുടെ ഭാഗമായി കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ക്ഷീണം തോന്നിയിട്ടും പിന്‍മാറാന്‍ സോണിയ തയാറായില്ല. എന്നാല്‍ ഇത് മനസിലാക്കിയ രാഹുല്‍ അമ്മയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. നടന്നത് മതിയെന്ന് രാഹുല്‍ പറയുമ്പോള്‍ അതിനു വഴങ്ങാതെ മുന്നോട്ടുനടക്കുന്ന സോണിയയെ പിന്നീട് കൈയില്‍ പിടിച്ചുനിര്‍ത്തിയ ശേഷം നിര്‍ബന്ധപൂര്‍വം രാഹുല്‍ കാറില്‍ കയറ്റുകയായിരുന്നു.

കര്‍ണാടകയിലെ ബിജെപി ശക്തികേന്ദ്രമായ മാന്ധ്യ ജില്ലയില്‍നിന്നാണ് സോണിയ യാത്രയുടെ ഭാഗമായത്. രാവിലെ 6.30-ന് പാണ്ഡവപുരത്തുനിന്ന് ആരംഭിച്ച കാല്‍നാടയാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പങ്കെടുത്തത്. വൈകിട്ട് 6.30-ന് നാഗമംഗള താലൂക്കില്‍ യാത്ര സമാപിക്കും.

തിങ്കളാഴ്ച മൈസൂരുവിലെത്തിയ സോണിയ എച്ച്.ഡി. കോട്ടെയില്‍ കബനി നദീതീരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിശ്രമത്തിലായിരുന്നു. ദസറ ആഘോഷമായതിനാല്‍ യാത്രയ്ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.