എസ്.പി.ജിയിലെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി, എല്ലാ ഭാവുകങ്ങളും നേരുന്നു; സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി

ഗാന്ധി കുടുംബത്തിന് ഇനി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ ഉണ്ടായിരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഫോഴ്‌സിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. തന്റെ ട്വീറ്റിലൂടെയാണ് എസ്.പി.ജി അംഗങ്ങള്‍ക്ക് രാഹുല്‍ നന്ദി രേഖപ്പെടുത്തിയത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റേയും കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എസ്പിജിയിലെ എന്റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്റെ യാത്രകള്‍ സ്‌നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’.-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്.പി.ജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. എസ്പിജി സുരക്ഷക്ക് പകരം സി.ആര്‍.പിഎഫിന്റെ ഇസഡ്പ്ലസ് സുരക്ഷ നല്‍കും.