തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുന്നു; ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ ചില തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചുകളഞ്ഞു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിംഗാണ് നടന്നത്. അഞ്ച് മണി കഴിയുമ്പോള്‍ വോട്ടിംഗ് ശതമാനം കുതിച്ചുയരുകയാണ്. കുറച്ച് കാലമായി ജനങ്ങളിലും സംശയം ഉയരുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

40 ലക്ഷം ദുരൂഹ വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്. ഇവിടുത്തെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മീഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണ്.

എല്ലാ മണ്ഡലത്തിലും ഇരട്ട വോട്ടര്‍മാര്‍. വ്യാജവിലാസങ്ങളില്‍ നിരവധിപേരുണ്ട്. ഇല്ലാത്ത വോട്ടര്‍മാരെ പട്ടികയില്‍ തിരുകി കയറ്റുകയാണ്. വീട്ടുനമ്പര്‍ ‘0’ എന്ന് രേഖപ്പെടുത്തിയ ഒരുപാടുപേരുണ്ട്. ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രം. 68 പേര്‍ക്ക് ഒരു വ്യവസായ സ്ഥാപനത്തിന്റെ മേല്‍വിലാസം. ഒരു മണ്ഡലത്തില്‍ മാത്രം 40,000ത്തിലധികം വ്യാജ വോട്ടര്‍മാര്‍.

Read more

കര്‍ണാടകയിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലിന് കീഴിലെ മഹാദേവപുര മണ്ഡലത്തില്‍ മാത്രം നടന്നത് വലിയ തിരിമറി. ഒരു ലക്ഷത്തിലധികം വോട്ടുകളാണ് പലമാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചതെന്നും രാഹുല്‍ പറഞ്ഞു.